Ashwini Aingoth

ashwini aingoth seo services
Categories
Malayalam Blogs

എങ്ങനെ ഒരു മികച്ച കണ്ടെന്റ് റൈറ്റർ (Content Writer) ആകാം? നിങ്ങളുടെ രചനാവൈഭവത്തിനു മാറ്റ് കൂട്ടാന്‍ ഇതാ ചില പൊടിക്കൈകള്‍

നിങ്ങള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?

പഠനം പൂര്‍ത്തീകരിച്ചിട്ടും ഒരു ജോലി ലഭിക്കാതെ വിഷമിച്ചിരിക്കുന്നവരാണോ? അതോ ജോലി ഉണ്ടായിട്ടും പോകാന്‍ കഴിയാത്തതോ?

നിങ്ങളുടെ സാഹചര്യം ഏതുമായിക്കൊള്ളട്ടെ, ലക്ഷ്യം ഒരു തൊഴിലാണെങ്കില്‍ ഓൺലൈൻ തൊഴിൽ രംഗത്ത് ഒട്ടേറെ സാധ്യതകളുള്ള കണ്ടന്റ് റൈറ്റിങ്ങിനെ കുറിച്ച് കേട്ട് നോക്കൂ.

എഴുതാനോ? അതൊന്നും എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് പോകാൻ വരട്ടെ, കണ്ടന്റ് റൈറ്റിങ്ങ് എന്നാല്‍ കേവലം ലേഖനമെഴുത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കേട്ടോ!  

അക്ഷരലോകത്തെത്തിയ നാൾ മുതൽ എല്ലാവരും എഴുത്തുകാരാണ്. അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേക്കും വാക്കുകളിൽ നിന്നും വാചകങ്ങളിലേക്കും, വാചകങ്ങളിൽ നിന്നും പാട്ടുകൾ, കഥകൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ എന്നിങ്ങനെ എഴുത്തിന്റെയും പഠനത്തിന്റെയും ലോകത്ത് വർഷങ്ങൾ ചിലവിട്ടതല്ലേ? വായിക്കാനും എഴുതാനും ഇപ്പോഴും മനസ്സുണ്ടെങ്കിൽ കൈ നിറയെ സമ്പാദിക്കാനുള്ള ഒരുത്തമമാർഗ്ഗമാണ് കോൺടെന്റ് റൈറ്റിംഗ്.

എന്താണ് കോൺടെന്റ് റൈറ്റിംഗ് (Content Writing)?

വിഷയം ഏതുമാകട്ടെ, എഴുതുന്നതെന്തും ഒരു കോൺടെന്റ് ആണ്. എന്നാൽ ആർക്കു വേണ്ടി എഴുതുന്നു? എന്തിനു വേണ്ടിഎഴുതുന്നു? എന്നതാണ് പ്രധാനം. ഒരു ഡിജിറ്റൽ ലോകത്തിലാണ് നാം ജീവിക്കുന്നത്. ജോലിയും കൂലിയും പഠനവും വിപണനവും എല്ലാം ഓൺലൈനിൽ നടക്കുന്നു. ഇവിടെയാണ് കോൺടെന്റ് റൈറ്റിംഗിന്റെ പ്രാധാന്യം.

നിങ്ങൾ ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ, ഏതു കമ്പനിയാണ് നല്ലത്, എന്തൊക്കെ ഗുണങ്ങളുണ്ട്, ദോഷങ്ങളുണ്ട്, ഓഫറുകൾ ഉണ്ടോ  ഇതൊക്കെ അറിയാൻ ആദ്യം ഇൻറർനെറ്റിൽ തിരയും അല്ലെ? അപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന വിവരണങ്ങൾ,  ചിത്രങ്ങൾ, വീഡിയോ എല്ലാം കണ്ടെന്റുകളാണ്, അവ തയ്യാറാക്കുന്നതിനായി ഓരോ കമ്പനികളും പ്രത്യേകം കണ്ടന്റ് റൈറ്റർ (Content Writer)മാരെ നിയോഗിക്കുന്നു. ലോകം ഡിജിറ്റൽ ലൈഫിലേക്ക് കാലെടുത്തു വച്ചപ്പോൾ പരമ്പരാഗത വിപണന തന്ത്രങ്ങൾ പോരാതെ വന്നു, ഉല്പാദകർ അവരുടെ നിലനിൽപ്പിനായി ഡിജിറ്റൽ മാർക്കറ്റിങ്ങിലേക്ക് കടന്നു വന്നു. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ നട്ടെല്ലാണ് കോൺടെന്റ് റൈറ്റിംഗ്. ലോകത്ത് മുൻ നിരയിലുള്ള എല്ലാ  ബസിനസുകളുടെയും അടിത്തറ അവരുടെ മികച്ച കണ്ടെന്റ് ആണ്.

ഓരോ കമ്പനികളുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും, എത്ര വാക്കുകളിൽ എഴുതണം? എഴുതേണ്ട രീതി, വായനക്കാരനു ലഭിക്കേണ്ട ഗുണങ്ങൾ തുടങ്ങിയ നിർദ്ദേശങ്ങൾക്കനുസരിച്ച് പറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായ ഉള്ളടക്കം തയ്യാറാക്കുന്നവരാണ് മികച്ച എഴുത്തുകാർ.

വിവിധ കമ്പനികളുടെ കടിച്ചാൽ പൊട്ടാത്ത വാക്യങ്ങൾ മാറ്റി എഴുതുന്ന ടെക്‌നിക്കൽ റൈറ്റേഴ്‌സ്, പരസ്യ വീഡിയോകളുടെ സ്ക്രിപ്റ് റൈറ്റർ, ഓൺലൈനായി വിദ്യാഭ്യാസ കമ്പനികളുടെ പാഠഭാഗങ്ങൾ തയ്യാറാക്കുന്ന കണ്ടെന്റ് ഡിസൈനർ, സിനിമകൾക്ക് വേണ്ടി സബ്ടൈറ്റിലുകൾ തയ്യാറാക്കുന്ന സബ്‌ടൈറ്റ്ലർസ്, പരസ്യങ്ങൾക്കും വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും വേണ്ടി ശ്രദ്ധയാകർഷിക്കുന്ന ഉള്ളടക്കം തയ്യാറാക്കുന്നവർ ഇവരെല്ലാം ഈ ജോലിയുടെ ഭാഗമാണ്.

ഇനി പറയൂ, ഇങ്ങനെയൊരു കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുണ്ടോ? 

എന്നാൽ എങ്ങനെയെങ്കിലും എഴുതിയാൽ അതൊരു കണ്ടെന്റ് ആകുമോ? ഒരു ഉള്ളടക്ക രചയിതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്?

ഉള്ളടക്ക രചയിതാവിനുണ്ടായിരിക്കേണ്ട 7 സവിശേഷഗുണങ്ങൾ 

  1. ഏതു രീതിയിലും എഴുതാൻ പ്രാപ്തനായിരിക്കണം. എഴുതുന്ന വിഷയത്തെയും വായനക്കാരെയും മനസ്സിലാക്കിക്കൊണ്ട് എഴുത്തിന്റെ രീതിയും ശൈലിയും മാറ്റാൻ സാധിക്കണം. മനസിലെ ആശയം ഒട്ടും മടുപ്പുളവാക്കാതെ വായനക്കാരില്‍ എത്തിക്കാൻ കഴിയണം.
  2. ഒരു വിഷയത്തെ കുറിച്ച് എഴുതുന്നതിനു മുൻപായി അതിനെ കുറിച്ച് ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. മനസിലാക്കിയകാര്യങ്ങൾ ലളിതമായി വിവരിച്ചു കൊടുക്കാനും കഴിയണം. ആവശ്യമായ പഠനങ്ങൾ നടത്താതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വായനക്കാരനെ തെറ്റിദ്ധരിപ്പിക്കരുത്. അതിനാൽ ഒരു വിഷയം ലഭിക്കുമ്പോൾ അതിനെ കുറിച്ചുള്ള വിവരശേഖരണം നടത്തുവാനുള്ള കഴിവ് അത്യാവശ്യമാണ്.
  3. എസ് ഇ ഒ യെ കുറിച്ചുള്ള പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. എന്താണ് SEO (Search Engine Optimization? നിങ്ങൾ എഴുതുന്ന കോൺടെന്റ് ഗൂഗിളിൽ എവിടെ വരണം എങ്ങനെ റാങ്ക് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് SEO അനുസരിച്ചാണ്.
  4. തന്നിരിക്കുന്ന വിഷയത്തിൽ  ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എഴുതാനുള്ള കഴിവ് നിർബന്ധമാണ്. ഒരു വിഷയത്തെ കുറിച്ച് എഴുതിത്തുടങ്ങുകയും മറ്റൊരു വിഷയത്തിൽ അവസാനിക്കുകയുമരുത് എന്ന് സാരം.
  5. ഇതൊക്കെ ഉണ്ടായാൽ മതിയോ? ലഭ്യമായ വിവരങ്ങൾ വളരെ ലഘുവായി മനോഹരമായി കഴിയുമെങ്കിൽ രസകരമായി എഴുതി ഫലിപ്പിക്കാനും കഴിയണം. വായിച്ചു തുടങ്ങിയാൽ, നിർത്താതെ  മുഴുവൻ വായിക്കാൻ തോന്നണം.
  6. എഴുതുമ്പോഴും ശ്രദ്ധവേണം; വാക്കുകൾ, വാചകങ്ങൾ, ഖണ്ഡികകൾ ഇവ എത്ര വേണം എങ്ങനെ വേണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ആവശ്യത്തിന് ചിത്രങ്ങൾ ഉൾപ്പെടുത്താനും എഡിറ്റ് ചെയ്യാനും അറിഞ്ഞിരിക്കണം.
  7. ഒരു കണ്ടന്റ് എഴുതിയുണ്ടാക്കുക എന്നുള്ളത് വളരെ ക്ഷമാപൂർവ്വം ചെയ്യേണ്ട ജോലിയാണ്. ഇങ്ങനെ എഴുതിയുണ്ടാക്കിയ കണ്ടെന്റ്  തൊഴിൽ ദാതാവിനെ തൃപ്തിപ്പെടുത്തിയില്ല എങ്കിൽ അതു പുനഃപരിശോധിച്ച്‌ മികച്ചതാക്കാനുള്ള ക്ഷമയും മനസും കാണിക്കേണ്ടതാണ്. 

                                                                                                                നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഗുണമേന്മയാണ് ഈ രംഗത്ത് ശോഭിക്കാനുള്ള ഒരേഒരുവഴി. ഈ കഴിവുകളെല്ലാം നിങ്ങൾക്കുണ്ടെങ്കിൽ/ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെങ്കിൽ സംശയിക്കേണ്ട, നിങ്ങൾക്കും ആകാം കണ്ടന്റ് റൈറ്റർ.

എങ്ങനെ ഒരു മികച്ച കണ്ടെന്റ് റൈറ്റർ (Content Writer) ആകാം?

നിങ്ങളുടെ രചനാവൈഭവത്തിനു മാറ്റ് കൂട്ടാന്‍ ഇതാ ചില പൊടിക്കൈകള്‍ 

ഭാഷ ഏതായാലും അതിനൊരു വ്യാകരണമുണ്ട്. ഈ വ്യാകരണ നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ എഴുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വായനക്കാരന് അരോചകമുണ്ടാക്കുകയോ എഴുത്തുകാരനെ കുറിച്ച് ഒരു മോശം അഭിപ്രായം പറയാൻ അവസരം നൽകുകയോ ചെയ്യരുത്.

എഴുതാൻ വാക്കുകൾ വേണം.  ഒരേ വാക്കുതന്നെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ എന്ത് ബോറായിരിക്കും? അങ്ങനെ വരുമ്പോൾ പകരം ഉപയോഗിക്കാൻ നല്ലൊരു പദസമ്പത്ത് ഉണ്ടാക്കിയെടുക്കണം. വായനക്കാരനെ തുടർന്ന് വായിക്കാൻ പ്രേരിപ്പിക്കുന്ന, നിങ്ങളുടെ ആർട്ടിക്കിളിനെ കുറിച്ച് മതിപ്പുളവാക്കുന്ന വാക്കുകൾ വേണം. എന്നുവച്ച് കടുകട്ടി വാക്കുകളൊന്നും വേണ്ടാട്ടോ, എളുപ്പം മനസിലാകുന്ന കുറച്ചു പദങ്ങൾ വീതം ഓരോ ദിവസവും പഠിച്ചാൽ മതിയാകും.  ഒരേ വാക്കിൽ തന്നെ വാചകങ്ങൾ ആരംഭിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ?

ആര്‍ട്ടിക്കിളിന്റെ വലുപ്പം കൂട്ടാനായി പരമാവധി വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങള്‍ നിര്‍മ്മിക്കുന്ന ശീലം വേണ്ട. നിങ്ങള്‍ ഉദ്ദേശിച്ച കാര്യം മനസിലാക്കിയെടുക്കാന്‍ വായനക്കാരന്‍ നന്നേ പാടുപെടും. വീണ്ടും വീണ്ടും വായിച്ചു മനസിലാക്കാന്‍ എല്ലാവര്‍ക്കും ക്ഷമയുണ്ടാകണമെന്നില്ല. കാര്യങ്ങള്‍ വളച്ചൊടിക്കാതെ നേരെ ചൊവ്വേ പറയാന്‍ മറക്കില്ലല്ലോ!

വാക്കുകൾ കുത്തിനിറച്ച് വലിയൊരു ഖണ്ഡിക എഴുതിയുണ്ടാക്കിയാൽ നല്ലൊരു എഴുത്താകുമോ? ഒരിക്കലുമില്ല, പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വളരെ ചുരുങ്ങിയ വാക്കുകളിൽ ഏതൊരാൾക്കും വായിച്ചാൽ മനസിലാകും വിധം അവതരിപ്പിക്കണം. വലിയൊരു ഖണ്ഡിക വായിക്കാൻ ആരും താത്പര്യപ്പെടില്ല, മറിച്ച് ചെറിയ ചെറിയ ഖണ്ഡികകൾ ആയി വേർതിരിച്ച് നോക്കൂ, അത് ഭംഗിയുള്ളതും ആകർഷകവുമായിരിക്കും. അതിനനുയോജ്യമായ ശീർഷകവും ഉപശീർഷകങ്ങളും യഥാക്രമം നൽകിയാല്‍ ഏറ്റവും മികച്ച ആർട്ടിക്കിൾ ആയി മാറും എന്നതില്‍ തര്‍ക്കമില്ല. 

നിങ്ങള്‍ നിങ്ങളെ ഒരു വായനക്കാരനായി സങ്കല്‍പിച്ചു കൊണ്ട് എഴുതുക. തന്നിരിക്കുന്ന വിഷയത്തെ സംബന്ധിച്ച വിവരങ്ങള്‍ ആ എഴുത്തില്‍ നിന്നും ലഭ്യമാണോ എന്ന് സ്വയം പരിശോധിക്കുക.

നമുക്ക് വരുന്ന സന്ദേശങ്ങളുടെയും പ്രൊമോഷനുകളുടെയും എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നു. കമ്പനികൾ അവരുടെ സാധനങ്ങളും സേവനങ്ങളും വിപണിയിൽ പിടിച്ചുനിർത്താൻ പരസ്പരം മത്സരിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ച്  ലളിതമായ വാക്കുകളിലൂടെ മനോഹരമായി വിവരിക്കാൻ കഴിയുന്ന വാക്ചാതുരിയുള്ള എഴുത്തുകാരെ തന്നെയാണ് അവർ ആശ്രയിക്കുന്നത്. അതിനാല്‍ ഈ മേഖലയില്‍ തൊഴിലിനു പഞ്ഞമില്ല, എന്നാല്‍ പ്രതിഫലം നിങ്ങളുടെ കഴിവിനനുസരിച്ച് ആയിരിക്കും.

സാങ്കേതികവിദ്യയുടെ നിരന്തര വളര്‍ച്ച ഓണ്‍ലൈന്‍ തൊഴില്‍ രംഗത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു ജോലി ശാശ്വതമാണോ എന്നു നിങ്ങള്‍ സംശയിച്ചേക്കാം. എന്നാല്‍ മനുഷ്യന്റെ നിര്‍മ്മിത ബുദ്ധി പലപ്പോഴും പരാജയപ്പെട്ടിട്ടുള്ളത് മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലാണ്. നിങ്ങളുടെ എഴുത്തുകള്‍ അവ ഇടപെടുന്നത് മനുഷ്യമനസുകളുമായാണ് അതിനാല്‍ എല്ലാ കാലവും ജോലി സാധ്യതയുള്ള മേഖലയാണ് കണ്ടന്റ് റൈറ്റിങ്.

Categories
Malayalam Blogs

ഓൺലൈൻ വരുമാനം; നേടാൻ 11 വഴികൾ

വിദ്യാഭ്യാസത്തിന്റെ നിലവാരത്തിലും അത് നേടുന്നവരുടെ എണ്ണത്തിലും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ അത്രയും ആളുകൾ തൊഴിൽ മേഖലയിൽ എത്തിപ്പെടാറില്ല. 

വീട്, കുടുംബം, കുട്ടികൾ എന്ന ചട്ടക്കൂടിൽ ഒതുങ്ങേണ്ടിവരുന്ന അഭ്യസ്തവിദ്യരായ വീട്ടമ്മമാരാണ് ഇതിൽ വലിയൊരു വിഭാഗം. സ്ഥിരമായി ജോലിക്കു പോയി വരാനോ സ്വന്തമായൊരു വരുമാനം കണ്ടെത്താനോ കഴിയാതെ വിഷമിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന ഒരു ജോലി വീട്ടിൽ തന്നെ ലഭിക്കുകയാണെങ്കിൽ എത്ര നന്നായിരിക്കും അല്ലെ?

എന്തും ഏതും ഓൺലൈനിലൂടെ ലഭ്യമാകുന്ന ഈ കാലത്ത് വരുമാനവും ഓൺലൈനിലൂടെ ആയാലോ? 

ഒരു സ്മാർട് ഫോണ്‍/ലാപ്ടോപ്പ്  കൂടെ ഒരു ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ വീട്ടമ്മമാർക്കും വിദ്യാർഥികൾക്കും മറ്റു ജോലികൾ ചെയ്യുന്നവർക്കും ഒഴിവുസമയങ്ങളിൽ വീട്ടിലിരുന്നുകൊണ്ടു തന്നെ ഓൺലൈനായി സമ്പാദിക്കാം. നിങ്ങളുടെ സൗകര്യാർത്ഥം നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥലത്ത് വച്ച് ചെയ്യാവുന്ന ജോലി എന്നതാണ് ഇതിന്റെ  പ്രത്യേകത. 

ഓൺലൈനിലൂടെ സമ്പാദിക്കാൻ നിരവധി വഴികളുണ്ട് അതിൽ ഏതു വേണമെന്ന് തിരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്. വരുമാനത്തിന് വേണ്ടി മാത്രം എത്രയും പെട്ടെന്ന് ഏതെങ്കിലുമൊരു ജോലി എന്നൊരിക്കലും ആലോചിക്കരുത്. ജോലിക്കായുള്ള തിരക്കിൽ ചതിയിൽ ചെന്ന് ചാടരുത്. ഓൺലൈൻ തട്ടിപ്പുകൾക്ക് പഞ്ഞമില്ലാത്ത ഈ കാലത്ത് ജോലി തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. നിശ്ചിത തുകയടച്ചാൽ ജോലി തരാം എന്ന് കണ്ടാൽ ഉടനടി പൈസ അടക്കാൻ പോകരുത്.  അങ്ങനെ പണം നൽകി കബളിക്കപ്പെട്ടവർ അനവധിയാണ്. ഒരു ജോലി എന്ന അതീവ ആഗ്രഹമാണ് ചിലപ്പോൾ എന്തും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നത്, എന്നാൽ ഓൺലൈൻ തൊഴിലിടങ്ങൾ ഏറെ ശ്രദ്ധിച്ച് മാത്രം തിരഞ്ഞെടുക്കേണ്ടതാണ്. 

നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഒരു ജോലി കണ്ടെത്താൻ പറ്റിയാൽ വിരസതയും അനുഭവപ്പെടില്ല. ഒരു ദിവസം കൊണ്ട് നല്ല വരുമാനമുള്ള ജോലി നേടാം, പെട്ടെന്ന് പണമുണ്ടാക്കാം തുടങ്ങിയ ധാരണകൾ മാറ്റിവെച്ചാൽ ഏറെ സാധ്യതയുള്ള മേഖലതന്നെയാണ് ഓൺലൈൻ. ഇഷ്ടമുള്ള മേഖല കണ്ടുപിടിച്ച് അതിൽ  പ്രവർത്തി പരിചയം നേടുകയാണ് ആദ്യം ചെയ്യേണ്ടത്.  അടുത്ത ലെവലിലേക്ക് കരിയറിനെ വളർത്താൻ  ആവശ്യമായ  വൈദഗ്ധ്യം (Skills) നേടിയെടുക്കണം. ഓൺലൈൻ ആയി തന്നെ നല്ലൊരു പ്രൊഫൈൽ ബിൽഡ് ചെയ്യാനും സാധിക്കണ൦. ഈ പ്രൊഫൈലിനെ അടിസ്ഥനമാക്കിയാകും അടുത്ത ലെവലിലേക്ക് നിങ്ങൾക്കൊരു ജോലി കിട്ടുന്നത്.

ദീർഘകാല ലക്ഷ്യത്തോടെ തൊഴിലിനെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ നല്ല സാധ്യതയാണ് ഓൺലൈൻ മേഖല നൽകുന്നത്. സ്വദേശീയവും വിദേശീയവുമായ നിരവധി തൊഴിലവസരങ്ങൾ നിങ്ങളെ തേടിയെത്തുന്നു. തുടക്കത്തിൽ നല്ല രീതിയിൽ ബുദ്ധിമുട്ടുണ്ടായേക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വർക്ക് വരണം എന്നില്ല, ആഗ്രഹിക്കുന്ന വരുമാനം ലഭിക്കണമെന്നില്ല. എന്നാൽ ഇത്തരം പ്രയാസങ്ങളിൽ തളരാതെ ദീർഘവീക്ഷണത്തോടെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കണം. നിങ്ങളുടെ ഇഷ്ടമേഖല കണ്ടെത്തി സ്ഥിരമായി അതിൽ വർക്ക് ചെയ്താൽ വിജയം നിങ്ങളുടെ കൂടെത്തന്നെയാണ്. അതിന് നിങ്ങളുടെ കഴിവും കഠിനാധ്വാനവും പ്രധാനമാണ്

വീട്ടിലിരുന്നു കൊണ്ട് ഒഴിവു സമയത്തെ ധന സമ്പാദനത്തിനായി മാറ്റി വയ്ക്കാൻ തയ്യാറുള്ളവർക്കായി ഓൺലൈൻ തൊഴിൽ രംഗത്തെ ചില മേഖലകൾ പരിചയപ്പെടുത്തുന്നു.

1. ഫ്രീലാൻസിങ് 

ഓൺലൈൻ ജോബുകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നതുമായ ഒന്നാണ് ഫ്രീലാൻസിങ്. നിങ്ങളുടെ കഴിവുകളും സേവനങ്ങളും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വരുമാനമാർഗ്ഗമാക്കുന്ന രീതിയാണിത്.

ജോലി ചെയ്യേണ്ട സമയം, സ്ഥലം ഇതെല്ലാം നിങ്ങളുടെ ചോയ്സ് ആണ്. ഇഷ്ടമുള്ള ജോലികൾ മാത്രം തിരഞ്ഞെടുക്കാനും അല്ലാത്തവ ഒഴിവാക്കാനും സാധിക്കും. ഏറ്റെടുക്കുന്ന ജോലി കൃത്യ സമയത്തിനുള്ളിൽ ചെയ്തു തീർക്കുക എന്നതു മാത്രമാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്. ഫ്രീലാൻസ് വർക്കുകൾ നൽകുന്ന ഒത്തിരി വെബ്സൈറ്റുകൾ നിലവിലുണ്ട്. വെബ്സൈറ്റിൽ ഒരു അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഇഷ്ട മേഖല തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കുക. ചില വെബ്സൈറ്റുകൾ സ്കിൽ ടെസ്റ്റ് നടത്തുമ്പോൾ മറ്റു ചിലർ സ്കിൽ ലിസ്റ്റും ഇഷ്ടമേഖലകളും സമർപ്പിക്കാൻ നിർദ്ദേശം നൽകുന്നു. നിങ്ങൾ സമർപ്പിക്കുന്ന വർക്ക് തൊഴിൽദാതാവിനെ തൃപ്തിപ്പെടുത്തിയാൽ മാത്രമേ നിങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുകയുള്ളു.

2. കണ്ടന്റ് റൈറ്റിംഗ് 

എന്താണ് കണ്ടന്റ്? വിഷയം ഏതുമായിക്കൊള്ളട്ടെ, എന്തിനെ കുറിച്ച് എഴുതിയാലും അതൊരു കണ്ടന്റ് ആണ്. ബ്ലോഗ് റൈറ്റിംഗ്, സോഷ്യൽ മീഡിയ റൈറ്റിംഗ്, അക്കാദമിക് റൈറ്റിംഗ്, ക്രീയേറ്റീവ് റൈറ്റിംഗ് എന്നിങ്ങനെ എല്ലാ മേഖലകളിലും എഴുത്തുകാരെ ആവശ്യമുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത വിഭാഗമാണ് കണ്ടന്റ് റൈറ്റേഴ്‌സ്. ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബ്രാന്ഡുകളുടെയെല്ലാം അടിത്തറ ഏറ്റവും മികച്ച കണ്ടന്റ് ആണ്, അതിലൂടെയാണ് അവർ മാർക്കറ്റിംഗ് നടത്തുന്നത്. 

നിങ്ങൾ എഴുതുന്ന ആർട്ടിക്കിളിന്റെ നിലവാരമാണ് നിങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത്. പ്രായപരിധിയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോ ഇവിടെ ആവശ്യമില്ല, ഭാഷാ പരിജ്ഞാനവും എഴുതുന്ന വിഷയത്തിലുള്ള അറിവും നിർദ്ദേശങ്ങൾക്കനുസരിച്ച് എഴുതാനുള്ള കഴിവും ഉണ്ടെങ്കിൽ നിങ്ങൾക്കും ഒരു മികച്ച കണ്ടന്റ് റൈറ്റർ ആകാം.

3. ഡാറ്റ എൻട്രി 

ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ടൈപ്പിംഗ് അറിയാവുന്ന ഏതൊരാൾക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ജോലിയാണ് ഡാറ്റ എൻട്രി. തന്നിരിക്കുന്ന വിവരങ്ങൾ നിർദ്ദേശാനുസരണം ടൈപ്പ് ചെയ്തു കൊടുത്താൽ മതിയാകും. കൃത്യതയോടെ വേഗത്തിൽ ടൈപ്പ് ചെയ്യുവാനുള്ള നിങ്ങളുടെ കഴിവിനനുസരിച്ച് നേട്ടങ്ങൾ കൈവരിക്കാം.

ഡാറ്റ എൻട്രി ജോലികൾ വാഗ്ദാനം ചെയ്യുന്ന നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്, എന്നാൽ അതിൽ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആ വെബ്സൈറ്റ് യാഥാർത്ഥമാണോ വ്യാജമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഓൺലൈൻ ജോബ് തട്ടിപ്പുകൾ കൂടുതലായി നടക്കാറുണ്ടെന്നതിനാൽ പണം നൽകി ജോലി വാങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ!

4. പരിഭാഷ 

ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് തർജ്ജമ ചെയ്യാനുള്ള കഴിവ് നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ തെരഞ്ഞെടുക്കേണ്ട ഓൺലൈൻ ജോബ് ഇതു തന്നെയാണ്.

നിങ്ങൾ ഒരു നല്ല പരിഭാഷകൻ ആണെങ്കിൽ ഓരോ വാക്കുകൾക്കും ഒരു രൂപ മുതൽ അഞ്ചു രൂപവരെ നേടാവുന്നതാണ്.

5. ട്രാൻസ്‌ക്രിപ്ഷൻ 

ഓൺലൈൻ വരുമാനം

ഇംഗ്ലീഷ് സംസാരിക്കാനറിയില്ല പക്ഷെ, കേട്ടാൽ മനസിലാകും എന്ന് പറയുന്ന ഒത്തിരി ആൾക്കാരുണ്ട്. ട്രാൻസ്‌ക്രിപ്ഷൻ വർക്കിലൂടെ അവരുടെ ഈ കഴിവിനെ ക്യാഷ് ആക്കി മാറ്റാം. ഓഡിയോ/ വീഡിയോ കേട്ട് അത് ടൈപ്പ് ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇംഗ്ലീഷിൽ വലിയ പ്രാവീണ്യമില്ലാത്തവർക്കും കേട്ടുമനസിലാക്കാൻ സാധിക്കുമെങ്കിൽ ഈ ജോലി ചെയ്യാവുന്നതാണ്.

6. ഓൺലൈൻ അധ്യാപനം

കേരളം വിദ്യാസമ്പന്നരുടെ നാടാണ്. എന്നാൽ അതിനനുസരിച്ച് ജോലിസാധ്യതകൾ കുറവാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിന് സാധ്യത ഏറി വരുന്ന ഈ കാലത്ത് ഈ മേഖല ഒട്ടനവധി തൊഴിലവസരങ്ങളാണ് നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.

ഏതെങ്കിലും ഒരു വിഷയത്തിൽ പരിജ്ഞാനമുണ്ടെങ്കിൽ ഓൺലൈൻ അധ്യാപനത്തിലൂടെ നിങ്ങൾക്കും വരുമാനം കണ്ടെത്താം. നിങ്ങളുടെ കഴിവും യോഗ്യതയുമനുസരിച്ച് വിദേശരാജ്യങ്ങളിലെ കുട്ടികളെ പോലും പഠിപ്പിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നു.

7. ബ്ലോഗിങ്

വീഡിയോകളുടെ പ്രാധാന്യം കൂടിവന്നിട്ടുണ്ടെങ്കിലും ടെക്സ്റ്റ് കണ്ടന്റുകളുടെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. ഏതൊരു വിഷയത്തെ കുറിച്ച് സെർച്ച് ചെയ്യുമ്പോഴും അതൊരു ടെക്സ്റ്റ് കണ്ടന്റ് ആയി വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഒട്ടും കുറവല്ല. ഇത് തന്നെയാണ് ബ്ലോഗിങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. 

ബ്ലോഗിങ്ങ് ആരംഭിക്കാൻ രണ്ടു വഴികളാണുള്ളത്. വേർഡ്പ്രസ്സ് പോലെയുള്ള ഫ്രീ സൈറ്റുകൾ പ്രയോജനപ്പെടുത്തി നിക്ഷേപമില്ലാതെ ബ്ലോഗിങ്ങ് ചെയ്യാം. സെല്ഫ് ഹോസ്റ്റഡ് ബ്ലോഗുകളാണ് മറ്റൊരു വഴി ഇതിനു നമ്മൾ പണം മുടക്കേണ്ടതായി വരും. പിന്നീട് കണ്ടന്റ് എഴുതി പോസ്റ്റ് ചെയ്താൽ മാത്രം മതിയാകും.

ഗൂഗിൾ ആഡ് സെൻസിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ വരുമാനം ലഭിച്ചു തുടങ്ങുന്നു.  ഇത് കൂടാതെ സ്‌പോൺസേർഡ് ആർട്ടിക്കിൾ , അഫിലിയേറ്റ് മാർക്കറ്റിംഗ്, ഡൊണേഷൻസ്, പ്രൈവറ്റ് മാർക്കറ്റിംഗ് എന്നിങ്ങനെ നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ മികച്ച വരുമാനം നേടാം.

കൃത്യമായ അപ്ഡേഷൻ, പരസ്യങ്ങൾ എന്നിവയിലൂടെയാണ് ബ്ലോഗിങ്ങ് വരുമാനമാർഗ്ഗമാകുന്നത്. എന്നാൽ ഇതിന് കാലതാമസം നേരിടുന്നതാണ്.

8. യൂട്യൂബ് 

വീട്ടിലിരുന്നു വരുമാനം

സ്വന്തമായി വീഡിയോ എടുക്കാനും എഡിറ്റ് ചെയ്യാനും അറിയുന്നവർക്ക് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തുകൊണ്ട് സമ്പാദിക്കാം. വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്ന വിഭാഗം നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. നിങ്ങൾ തിരഞ്ഞെടുത്ത വിഷയം കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നതായിരിക്കണം. ആറുമാസം വരെ തുടർച്ചയായി വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടതാണ്. സബ്സ്ക്രൈബേർസ് കൂടുന്നതിനനുസരിച്ചല്ല വ്യൂസ് കൂടുന്നതനുസരിച്ചാണ് വരുമാനം.

ആകാശത്തിനു കീഴിലുള്ള ഏതു വിഷയത്തെ കുറിച്ചും യൂട്യൂബ് ചാനലുകളുണ്ട്. ഇതിൽ നിങ്ങളുടെ ചാനലിനെ വ്യത്യസ്തമാക്കുന്ന വിഷയം തിരഞ്ഞെടുക്കുന്നിടത്താണ് വിജയം ആരംഭിക്കുന്നത്.

യൂട്യൂബിൽ നിന്നും വരുമാനം  പരസ്യത്തിലൂടെയാണ്. പരസ്യവരുമാനം കിട്ടണമെങ്കിൽ ചാനലിന് ഗൂഗിൾ ആഡ് സെൻസിന്റെ അംഗീകാരം ലഭിക്കണം.  ആഡ് സെൻസ് കിട്ടണമെങ്കിൽ ചാനൽ തുടങ്ങി ഒരു വർഷം കൊണ്ട് 1000 സബ്സ്ക്രൈബേഴ്സും 4000 മണിക്കൂർ വാച്ച് ആവേഴ്സും ഉണ്ടായിരിക്കണം.

ആഡ് സെൻസിനായി അപേക്ഷ നൽകി കഴിഞ്ഞാൽ ചാനലിന്റെ ഉള്ളടക്കവും വിജയ സാധ്യതയും അഡ്മിനിസ്ട്രേഷൻ ടീം പരിശോധിക്കും. അഡ്രെസ്സ് വെരിഫിക്കേഷൻ അടക്കമുള്ള നടപടികൾക്ക് ശേഷം നിങ്ങളുടെ വീഡിയോകൾക്ക് പ്രതിഫലം ലഭിച്ചു തുടങ്ങും. ഒരു ലക്ഷം സബ്സ്ക്രൈബേർസ് ആയിക്കഴിഞ്ഞാൽ യൂട്യൂബിന്റെ അംഗീകാരമായി സിൽവർ പ്ലേ ബട്ടണും 10 ലക്ഷം ആയാൽ ഗോൾഡ് ബട്ടണും സ്വന്തമാക്കാം. ഒരു കോടി സബ്സ്ക്രൈബേർസ് ആയാൽ ഡയമണ്ട് ക്രീയേറ്റർ അവാർഡ് ലഭിക്കും.

യൂട്യൂബിൽ നിന്നുള്ള പരസ്യവരുമാനം മാത്രമല്ല യൂട്യൂബ് വരുമാനത്തിൽ പെടുക. നിങ്ങളുടെ ചാനലിന്റെ ജനപ്രീതിയും വിശ്വസ്തതയും പ്രോഡക്റ്റ് പ്രൊമോഷനുള്ള അവസരം നേടിത്തരുന്നു. ഇതിനെ ബ്രാൻഡ് കൊളാബറേഷൻ എന്നും ഇൻഫ്ലുൻസർ മാർക്കറ്റിംഗ് എന്നും പറയുന്നു.

9. ഓൺലൈൻ സർവേകൾ 

വിവിധ കമ്പനികൾ  അവരുടെ ഉത്പന്നങ്ങൾ സേവനങ്ങൾ ഇവയെ കുറിച്ച് പൊതുജനങ്ങളിൽ നിന്നും സർവ്വേ നടത്തി അതിന്റെ മാർക്കറ്റ് വിലയിരുത്തുന്നു. ഈ  സർവ്വേയിൽ പങ്കാളി ആകുന്നതിലൂടെ നിങ്ങൾക്കും വരുമാനം ലഭിക്കുന്നു. സർവ്വേകൾ നടത്തുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട് അതിൽ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആ സ്ഥാപനത്തെ കുറിച്ച് നന്നായി മനസിലാക്കിയിരിക്കണം.

10. വേർച്വൽ അസിസ്റ്റന്റ്

വിവിധ കമ്പനികൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജോലികൾ സ്വന്തം വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ  അവസരം ലഭിക്കുന്നു. ഫോൺ കോൾ, ഇമെയിൽ, ഡാറ്റ എൻട്രി, മാർക്കറ്റിംഗ് എന്നിങ്ങനെ വിവിധങ്ങളായ ജോലികൾ ഇതിൽ പെടും.

11. സോഷ്യൽ മീഡിയ മാനേജ്‌മന്റ് 

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റെർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ അറിയാത്തവർ വിരളമാണ്. കമ്പനികളും മറ്റു സ്ഥാപനങ്ങളും അവരുടെ സാധനങ്ങളും സേവനങ്ങളും മാർക്കറ്റ് ചെയ്യുന്നതിനായി ഇത്തരം സമൂഹ മാധ്യമങ്ങളെ ആശ്രയിക്കുന്നു. എന്നാൽ അവ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുകളെ ആവശ്യമായി വരുന്നു. നിങ്ങൾ അങ്ങനെ ഒരാളാണെങ്കിൽ നിങ്ങളുടെ ഓൺലൈൻ വരുമാനം ഇതിലൂടെയാണ്.

സ്വന്തമായി ഒരു ജോലി, വരുമാനം അത് നൽകുന്ന സംതൃപ്തിയും ആത്മവിശ്വാസവും ഒന്ന് വേറെ തന്നെയാണ് . നമ്മുടെ കഴിവിനും ഇഷ്ടങ്ങൾക്കുമൊത്ത് ഒരു ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യവും. വീട്ടുകാര്യങ്ങളോടൊപ്പം അല്പം സമ്പാദ്യശീലവുമാകാം. നിങ്ങളുടെ കഴിവുകളെ കണ്ടെത്തി അനുയോജ്യമായ ജോലി തിരഞ്ഞെടുക്കാൻ ഇനിയും വൈകേണ്ടതുണ്ടോ?