നിങ്ങള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണോ?
പഠനം പൂര്‍ത്തീകരിച്ചിട്ടും ഒരു ജോലി ലഭിക്കാതെ വിഷമിച്ചിരിക്കുന്നവരാണോ? അതോ ജോലി ഉണ്ടായിട്ടും പോകാന്‍ കഴിയാത്തതോ?
നിങ്ങളുടെ സാഹചര്യം ഏതുമായിക്കൊള്ളട്ടെ, ലക്ഷ്യം ഒരു തൊഴിലാണെങ്കില്‍ ഓൺലൈൻ തൊഴിൽ രംഗത്ത് ഒട്ടേറെ സാധ്യതകളുള്ള കണ്ടന്റ് റൈറ്റിങ്ങിനെ കുറിച്ച് കേട്ട് നോക്കൂ.
എഴുതാനോ? അതൊന്നും എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് പോകാൻ വരട്ടെ, കണ്ടന്റ് റൈറ്റിങ്ങ് എന്നാല്‍ കേവലം ലേഖനമെഴുത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കേട്ടോ!
അക്ഷരലോകത്തെത്തിയ നാൾ മുതൽ എല്ലാവരും എഴുത്തുകാരാണ്. അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേക്കും വാക്കുകളിൽ നിന്നും വാചകങ്ങളിലേക്കും, വാചകങ്ങളിൽ നിന്നും പാട്ടുകൾ, കഥകൾ, ലേഖനങ്ങൾ, ഉപന്യാസങ്ങൾ എന്നിങ്ങനെ എഴുത്തിന്റെയും പഠനത്തിന്റെയും ലോകത്ത് വർഷങ്ങൾ ചിലവിട്ടതല്ലേ? വായിക്കാനും എഴുതാനും ഇപ്പോഴും മനസ്സുണ്ടെങ്കിൽ കൈ നിറയെ സമ്പാദിക്കാനുള്ള ഒരുത്തമമാർഗ്ഗമാണ് കോൺടെന്റ് റൈറ്റിംഗ്.
എന്താണ് കോൺടെന്റ് റൈറ്റിംഗ് (Content Writing)?
വിഷയം ഏതുമാകട്ടെ, എഴുതുന്നതെന്തും ഒരു കോൺടെന്റ് ആണ്. എന്നാൽ ആർക്കു വേണ്ടി എഴുതുന്നു? എന്തിനു വേണ്ടിഎഴുതുന്നു? എന്നതാണ് പ്രധാനം. ഒരു ഡിജിറ്റൽ ലോകത്തിലാണ് നാം ജീവിക്കുന്നത്. ജോലിയും കൂലിയും പഠനവും വിപണനവും എല്ലാം ഓൺലൈനിൽ നടക്കുന്നു. ഇവിടെയാണ് കോൺടെന്റ് റൈറ്റിംഗിന്റെ പ്രാധാന്യം.
നിങ്ങൾ ഒരു മൊബൈൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ, ഏതു കമ്പനിയാണ് നല്ലത്, എന്തൊക്കെ ഗുണങ്ങളുണ്ട്, ദോഷങ്ങളുണ്ട്, ഓഫറുകൾ ഉണ്ടോ ഇതൊക്കെ അറിയാൻ ആദ്യം ഇൻറർനെറ്റിൽ തിരയും അല്ലെ? അപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന വിവരണങ്ങൾ, ചിത്രങ്ങൾ, വീഡിയോ എല്ലാം കണ്ടെന്റുകളാണ്, അവ തയ്യാറാക്കുന്നതിനായി ഓരോ കമ്പനികളും പ്രത്യേകം കണ്ടന്റ് റൈറ്റർ (Content Writer)മാരെ നിയോഗിക്കുന്നു. ലോകം ഡിജിറ്റൽ ലൈഫിലേക്ക് കാലെടുത്തു വച്ചപ്പോൾ പരമ്പരാഗത വിപണന തന്ത്രങ്ങൾ പോരാതെ വന്നു, ഉല്പാദകർ അവരുടെ നിലനിൽപ്പിനായി ഡിജിറ്റൽ മാർക്കറ്റിങ്ങിലേക്ക് കടന്നു വന്നു. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ നട്ടെല്ലാണ് കോൺടെന്റ് റൈറ്റിംഗ്. ലോകത്ത് മുൻ നിരയിലുള്ള എല്ലാ ബസിനസുകളുടെയും അടിത്തറ അവരുടെ മികച്ച കണ്ടെന്റ് ആണ്.
ഓരോ കമ്പനികളുടെയും ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും, എത്ര വാക്കുകളിൽ എഴുതണം? എഴുതേണ്ട രീതി, വായനക്കാരനു ലഭിക്കേണ്ട ഗുണങ്ങൾ തുടങ്ങിയ നിർദ്ദേശങ്ങൾക്കനുസരിച്ച് പറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായ ഉള്ളടക്കം തയ്യാറാക്കുന്നവരാണ് മികച്ച എഴുത്തുകാർ.
വിവിധ കമ്പനികളുടെ കടിച്ചാൽ പൊട്ടാത്ത വാക്യങ്ങൾ മാറ്റി എഴുതുന്ന ടെക്‌നിക്കൽ റൈറ്റേഴ്‌സ്, പരസ്യ വീഡിയോകളുടെ സ്ക്രിപ്റ് റൈറ്റർ, ഓൺലൈനായി വിദ്യാഭ്യാസ കമ്പനികളുടെ പാഠഭാഗങ്ങൾ തയ്യാറാക്കുന്ന കണ്ടെന്റ് ഡിസൈനർ, സിനിമകൾക്ക് വേണ്ടി സബ്ടൈറ്റിലുകൾ തയ്യാറാക്കുന്ന സബ്‌ടൈറ്റ്ലർസ്, പരസ്യങ്ങൾക്കും വെബ്സൈറ്റുകൾക്കും ആപ്പുകൾക്കും വേണ്ടി ശ്രദ്ധയാകർഷിക്കുന്ന ഉള്ളടക്കം തയ്യാറാക്കുന്നവർ ഇവരെല്ലാം ഈ ജോലിയുടെ ഭാഗമാണ്.
ഇനി പറയൂ, ഇങ്ങനെയൊരു കരിയര്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റുണ്ടോ?
എന്നാൽ എങ്ങനെയെങ്കിലും എഴുതിയാൽ അതൊരു കണ്ടെന്റ് ആകുമോ? ഒരു ഉള്ളടക്ക രചയിതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്?
ഉള്ളടക്ക രചയിതാവിനുണ്ടായിരിക്കേണ്ട 7 സവിശേഷഗുണങ്ങൾ
- ഏതു രീതിയിലും എഴുതാൻ പ്രാപ്തനായിരിക്കണം. എഴുതുന്ന വിഷയത്തെയും വായനക്കാരെയും മനസ്സിലാക്കിക്കൊണ്ട് എഴുത്തിന്റെ രീതിയും ശൈലിയും മാറ്റാൻ സാധിക്കണം. മനസിലെ ആശയം ഒട്ടും മടുപ്പുളവാക്കാതെ വായനക്കാരില്‍ എത്തിക്കാൻ കഴിയണം.
- ഒരു വിഷയത്തെ കുറിച്ച് എഴുതുന്നതിനു മുൻപായി അതിനെ കുറിച്ച് ആഴത്തിൽ മനസിലാക്കേണ്ടതുണ്ട്. മനസിലാക്കിയകാര്യങ്ങൾ ലളിതമായി വിവരിച്ചു കൊടുക്കാനും കഴിയണം. ആവശ്യമായ പഠനങ്ങൾ നടത്താതെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് വായനക്കാരനെ തെറ്റിദ്ധരിപ്പിക്കരുത്. അതിനാൽ ഒരു വിഷയം ലഭിക്കുമ്പോൾ അതിനെ കുറിച്ചുള്ള വിവരശേഖരണം നടത്തുവാനുള്ള കഴിവ് അത്യാവശ്യമാണ്.
- എസ് ഇ ഒ യെ കുറിച്ചുള്ള പ്രാഥമിക അറിവ് ഉണ്ടായിരിക്കണം. എന്താണ് SEO (Search Engine Optimization? നിങ്ങൾ എഴുതുന്ന കോൺടെന്റ് ഗൂഗിളിൽ എവിടെ വരണം എങ്ങനെ റാങ്ക് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് SEO അനുസരിച്ചാണ്.
- തന്നിരിക്കുന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് എഴുതാനുള്ള കഴിവ് നിർബന്ധമാണ്. ഒരു വിഷയത്തെ കുറിച്ച് എഴുതിത്തുടങ്ങുകയും മറ്റൊരു വിഷയത്തിൽ അവസാനിക്കുകയുമരുത് എന്ന് സാരം.
- ഇതൊക്കെ ഉണ്ടായാൽ മതിയോ? ലഭ്യമായ വിവരങ്ങൾ വളരെ ലഘുവായി മനോഹരമായി കഴിയുമെങ്കിൽ രസകരമായി എഴുതി ഫലിപ്പിക്കാനും കഴിയണം. വായിച്ചു തുടങ്ങിയാൽ, നിർത്താതെ മുഴുവൻ വായിക്കാൻ തോന്നണം.
- എഴുതുമ്പോഴും ശ്രദ്ധവേണം; വാക്കുകൾ, വാചകങ്ങൾ, ഖണ്ഡികകൾ ഇവ എത്ര വേണം എങ്ങനെ വേണം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ആവശ്യത്തിന് ചിത്രങ്ങൾ ഉൾപ്പെടുത്താനും എഡിറ്റ് ചെയ്യാനും അറിഞ്ഞിരിക്കണം.
- ഒരു കണ്ടന്റ് എഴുതിയുണ്ടാക്കുക എന്നുള്ളത് വളരെ ക്ഷമാപൂർവ്വം ചെയ്യേണ്ട ജോലിയാണ്. ഇങ്ങനെ എഴുതിയുണ്ടാക്കിയ കണ്ടെന്റ് തൊഴിൽ ദാതാവിനെ തൃപ്തിപ്പെടുത്തിയില്ല എങ്കിൽ അതു പുനഃപരിശോധിച്ച് മികച്ചതാക്കാനുള്ള ക്ഷമയും മനസും കാണിക്കേണ്ടതാണ്.
നിങ്ങളുടെ ഉള്ളടക്കത്തിന്റെ ഗുണമേന്മയാണ് ഈ രംഗത്ത് ശോഭിക്കാനുള്ള ഒരേഒരുവഴി. ഈ കഴിവുകളെല്ലാം നിങ്ങൾക്കുണ്ടെങ്കിൽ/ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെങ്കിൽ സംശയിക്കേണ്ട, നിങ്ങൾക്കും ആകാം കണ്ടന്റ് റൈറ്റർ.
എങ്ങനെ ഒരു മികച്ച കണ്ടെന്റ് റൈറ്റർ (Content Writer) ആകാം?
നിങ്ങളുടെ രചനാവൈഭവത്തിനു മാറ്റ് കൂട്ടാന്‍ ഇതാ ചില പൊടിക്കൈകള്‍
ഭാഷ ഏതായാലും അതിനൊരു വ്യാകരണമുണ്ട്. ഈ വ്യാകരണ നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ എഴുതാൻ പ്രത്യേകം ശ്രദ്ധിക്കണം. വായനക്കാരന് അരോചകമുണ്ടാക്കുകയോ എഴുത്തുകാരനെ കുറിച്ച് ഒരു മോശം അഭിപ്രായം പറയാൻ അവസരം നൽകുകയോ ചെയ്യരുത്.
എഴുതാൻ വാക്കുകൾ വേണം. ഒരേ വാക്കുതന്നെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ എന്ത് ബോറായിരിക്കും? അങ്ങനെ വരുമ്പോൾ പകരം ഉപയോഗിക്കാൻ നല്ലൊരു പദസമ്പത്ത് ഉണ്ടാക്കിയെടുക്കണം. വായനക്കാരനെ തുടർന്ന് വായിക്കാൻ പ്രേരിപ്പിക്കുന്ന, നിങ്ങളുടെ ആർട്ടിക്കിളിനെ കുറിച്ച് മതിപ്പുളവാക്കുന്ന വാക്കുകൾ വേണം. എന്നുവച്ച് കടുകട്ടി വാക്കുകളൊന്നും വേണ്ടാട്ടോ, എളുപ്പം മനസിലാകുന്ന കുറച്ചു പദങ്ങൾ വീതം ഓരോ ദിവസവും പഠിച്ചാൽ മതിയാകും. ഒരേ വാക്കിൽ തന്നെ വാചകങ്ങൾ ആരംഭിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ?
ആര്‍ട്ടിക്കിളിന്റെ വലുപ്പം കൂട്ടാനായി പരമാവധി വാക്കുകള്‍ ഉപയോഗിച്ച് വാക്യങ്ങള്‍ നിര്‍മ്മിക്കുന്ന ശീലം വേണ്ട. നിങ്ങള്‍ ഉദ്ദേശിച്ച കാര്യം മനസിലാക്കിയെടുക്കാന്‍ വായനക്കാരന്‍ നന്നേ പാടുപെടും. വീണ്ടും വീണ്ടും വായിച്ചു മനസിലാക്കാന്‍ എല്ലാവര്‍ക്കും ക്ഷമയുണ്ടാകണമെന്നില്ല. കാര്യങ്ങള്‍ വളച്ചൊടിക്കാതെ നേരെ ചൊവ്വേ പറയാന്‍ മറക്കില്ലല്ലോ!
വാക്കുകൾ കുത്തിനിറച്ച് വലിയൊരു ഖണ്ഡിക എഴുതിയുണ്ടാക്കിയാൽ നല്ലൊരു എഴുത്താകുമോ? ഒരിക്കലുമില്ല, പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വളരെ ചുരുങ്ങിയ വാക്കുകളിൽ ഏതൊരാൾക്കും വായിച്ചാൽ മനസിലാകും വിധം അവതരിപ്പിക്കണം. വലിയൊരു ഖണ്ഡിക വായിക്കാൻ ആരും താത്പര്യപ്പെടില്ല, മറിച്ച് ചെറിയ ചെറിയ ഖണ്ഡികകൾ ആയി വേർതിരിച്ച് നോക്കൂ, അത് ഭംഗിയുള്ളതും ആകർഷകവുമായിരിക്കും. അതിനനുയോജ്യമായ ശീർഷകവും ഉപശീർഷകങ്ങളും യഥാക്രമം നൽകിയാല്‍ ഏറ്റവും മികച്ച ആർട്ടിക്കിൾ ആയി മാറും എന്നതില്‍ തര്‍ക്കമില്ല.
നിങ്ങള്‍ നിങ്ങളെ ഒരു വായനക്കാരനായി സങ്കല്‍പിച്ചു കൊണ്ട് എഴുതുക. തന്നിരിക്കുന്ന വിഷയത്തെ സംബന്ധിച്ച വിവരങ്ങള്‍ ആ എഴുത്തില്‍ നിന്നും ലഭ്യമാണോ എന്ന് സ്വയം പരിശോധിക്കുക.
നമുക്ക് വരുന്ന സന്ദേശങ്ങളുടെയും പ്രൊമോഷനുകളുടെയും എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നു. കമ്പനികൾ അവരുടെ സാധനങ്ങളും സേവനങ്ങളും വിപണിയിൽ പിടിച്ചുനിർത്താൻ പരസ്പരം മത്സരിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ച് ലളിതമായ വാക്കുകളിലൂടെ മനോഹരമായി വിവരിക്കാൻ കഴിയുന്ന വാക്ചാതുരിയുള്ള എഴുത്തുകാരെ തന്നെയാണ് അവർ ആശ്രയിക്കുന്നത്. അതിനാല്‍ ഈ മേഖലയില്‍ തൊഴിലിനു പഞ്ഞമില്ല, എന്നാല്‍ പ്രതിഫലം നിങ്ങളുടെ കഴിവിനനുസരിച്ച് ആയിരിക്കും.
സാങ്കേതികവിദ്യയുടെ നിരന്തര വളര്‍ച്ച ഓണ്‍ലൈന്‍ തൊഴില്‍ രംഗത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരു ജോലി ശാശ്വതമാണോ എന്നു നിങ്ങള്‍ സംശയിച്ചേക്കാം. എന്നാല്‍ മനുഷ്യന്റെ നിര്‍മ്മിത ബുദ്ധി പലപ്പോഴും പരാജയപ്പെട്ടിട്ടുള്ളത് മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലാണ്. നിങ്ങളുടെ എഴുത്തുകള്‍ അവ ഇടപെടുന്നത് മനുഷ്യമനസുകളുമായാണ് അതിനാല്‍ എല്ലാ കാലവും ജോലി സാധ്യതയുള്ള മേഖലയാണ് കണ്ടന്റ് റൈറ്റിങ്.